പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ യൗസേപ്പിതാവിന്റെ കൂടുതുറക്കൽശുശ്രൂഷ ഭക്തിസാന്ദ്രമായി. വിശ്വാസതീക്ഷ്ണതയോടെ പതിനായിരങ്ങളാണ് വിശുദ്ധന്റെ തിരുസന്നിധിയിൽ എത്തിയത്.
വൈകീട്ടുനടന്ന സമൂഹബലി, ലദീഞ്ഞ്, നൊവേന, അനുഗ്രഹദായകമായ കൂടുതുറക്കൽ ശുശ്രൂഷ എന്നിവയ്ക്ക് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇത്തവണ തിരുനാൾവെടിക്കെട്ട് നടത്തുന്നില്ല എന്ന തീരുമാനത്തിലൂടെ പാവറട്ടിയിൽ സ്നേഹത്തിന്റെ വെടിക്കെട്ടാണ് നടത്തിയതെന്ന് ആർച്ച്ബിഷപ് മാർ താഴത്ത് അഭിപ്രായപ്പെട്ടു.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർഥനാമന്ത്രം ഉരുവിട്ട് ദേവാലയത്തിനകത്തും പുറത്തും ആയിരങ്ങളാണ് കൂടുതുറക്കൽ ശുശ്രൂഷയ്ക്കായി ഒന്നിച്ചുകൂടിയത്. കൂടുതുറക്കൽ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയ മുഖമണ്ഡപത്തിൽ പ്രത്യേകം അലങ്കരിച്ച രൂപക്കൂടുകളിൽ പ്രതിഷ്ഠിച്ചു.
വിവിധ യൂണിറ്റുകളിൽനിന്നുള്ള വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ രാത്രി ദേവാലയത്തിലെത്തി സമാപിച്ചു. തിരുനാൾ തിരുക്കർമങ്ങളിലും ഊട്ടുഭക്ഷണം ഏറ്റുകഴിക്കുന്നതിനുമായി നാനാജാതി മതസ്ഥരായ നിരവധിപേരാണ് തീർഥകേന്ദ്രത്തിൽ എത്തിയത്.
നൈവേദ്യപൂജയോടെയാണ് ശതോത്തര സുവർണജൂബിലി തിരുനാളിനു തുടക്കമായത്. ഫാ. വിപിൻ വേരൻപിലാവ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ആന്റോ തരകൻ, ഡീക്കൻ ജെയ്മോൻ അറയ്ക്കൽ എന്നിവർ സഹകാർമികരായി. തുടർന്ന് തീർഥകേന്ദ്രം ബലിപീഠത്തിൽ സമർപ്പിച്ച നേർച്ചഭക്ഷണ വിഭവങ്ങൾ പ്രദക്ഷിണമായി ഊട്ടുശാലയിലേക്കു കൊണ്ടുവന്നു. തീർഥകേന്ദ്രം റെക്ടർ ഫാ.ഡോ. ആന്റണി ചെമ്പകശേരി നേർച്ചഭക്ഷണ ആശീർവാദവും നേർച്ചഭക്ഷണ വിതരണവും നിർവഹിച്ചു.
ഊട്ടുതിരുനാൾ ഏറ്റുകഴിക്കുന്നതിനു വലിയ തിരക്കാണ് പാരിഷ് ഹാളിൽ അനുഭവപ്പെട്ടത്. നേർച്ചഭക്ഷണം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുവരെയും പാരിഷ് ഹാളിൽ ലഭിക്കും. നടത്തുകൈക്കാരൻ ജോസഫ് ലിയോ, കൺവീനർമാരായ ജോസഫ് കൊള്ളന്നൂർ, ടി. എൽ. ജെയിംസ്, വി.ആർ ബാബു, കൺവീനർ ആൽബർട്ട് തരകൻ എന്നിവർ നേതൃത്വം നൽകി.
നവീകരിച്ച പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രം ആശീർവദിച്ചു
പാവറട്ടി: നവീകരിച്ച പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രം ആശീർവദിച്ച് വിശ്വാസിസമൂഹത്തിനു സമർപ്പിച്ചു. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശീർവാദകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ.ഡോ. ആന്റണി ചെമ്പകശേരി, ഫാ. ലിവിൻ ചൂണ്ടൽ, ഫാ.തോമസ് ഊക്കൻ എന്നിവർ സഹകാർമികരായിരുന്നു. ആശീർവാദചടങ്ങുകളിൽ ആയിരക്കണക്കിനു വിശ്വാസികൾ സാക്ഷികളായി.
സഹവികാരിമാരായ ഫാ. ഫ്രാങ്കോ ഫ്രോണിസ്, ഫാ. അമൽ ചാഴൂർ, കൈക്കാരന്മാരായ ലിയോ ജോസഫ്, കെ.എ.ജോസൻ, ജെയ്സൺ വടുക്കൂട്ട്, കെ.ജെ. ബാബു എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.